ജൈവവൈവിധ്യം
ജൈവവൈവിധ്യം
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വിവിധങ്ങളായ സസ്യജാല ജന്തു വര്‍ഗ്ഗങ്ങളാല്‍ സമ്പന്നമാണ്. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ സമ്പത്ത് സംബന്ധിച്ച പഠനം നടത്തി 2011 ആഗസ്റ്റില്‍ ജൈവവിധ്യ രജിസ്റ്റര്‍ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയുണ്ടായി.
സസ്യജാലങ്ങള്‍
വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയായി വരുന്ന വേമ്പനാട്ട് കായലിന്റെ കിഴക്കന്‍ കരകളില്‍ കാണപ്പെടുന്ന കണ്ടല്‍ കാടുകള്‍ ഈ പ്രദേശത്തിന്റെ ഒരു പ്രത്യേകതയാണ്. പ്ലാത്തി, ഉപ്പങ്ങ, കണ്ടല്‍, വേഴാങ്കോവ (ഈറ്റ) മുതലായ സസ്യജാലങ്ങളും വൃക്ഷങ്ങളും ഈ കണ്ടല്‍ കാടുകലില് ധാരാളമായി കാണപ്പെട്ടിരുന്നു. തോടുകളാല് സമ്പന്നമായതിനാല്‍ ആഫ്രിക്കന്‍ പായല്‍, താമര, ആമ്പല്‍, കുളവാഴ, കുളപ്പായല്‍, മുള്ളമ്പായല് തുടങ്ങിയ സസ്യങ്ങളും കണ്ടു വരുന്നു. തഴപ്പായ് രംഗത്ത് തൊഴില്‍ പ്രദാനം ചെയ്യുന്ന സസ്യസമ്പത്താണ് കൈത. പണ്ട് സുലഭമായി കണ്ടു കൊണ്ടിരുന്ന കടക്കൈത ഇപ്പോള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. കണ്ടല്‍ക്കാടുകളും വയലോലകളും നിറഞ്ഞ ഈ പ്രദേശം ഒരു പക്ഷി സങ്കേതം കൂടിയാണ്. പ്രാദേശികമായി അറിയപ്പെടുന്ന നീലക്കോഴി, കഴുത്തിന് താരതമ്യേന നീളം കൂടിയ കൊക്ക്, നീര്‍ക്കാക്ക, മുണ്ടി, കുളക്കോഴി തുടങ്ങിയ അപൂര്‍വ്വങ്ങളായ പക്ഷി സസ്യജാലങ്ങളാലും സമൃദ്ധമാണ് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്.
ജന്തുവര്‍ഗ്ഗങ്ങള്‍
വെച്ചൂര്‍ ഗ്രാമം കേരളത്തിനകത്തും പുറത്തും പ്രധാനമായി അറിയപ്പെടുന്നത് വെച്ചൂര്‍ പശു എന്ന കന്നുകാലി ജനുസ്സിന്റെ പേരിലാണ്. പ്രാചീന കാലം മുതല്‍ വെച്ചൂര്‍ പ്രദേശങ്ങളില്‍ വളര്‍ത്തപ്പെടുന്ന ഈ നാടന്‍ പശുക്കളുടെ കുലം അന്യം നിന്നു പോകുന്ന അവസ്ഥയിലാണ്. ഈ പശുവിന്റെ പ്രത്യേകതകള്‍ 90 സെന്റീമീറ്ററില്‍ കവിയാത്ത ഉയരം, ഉരുണ്ട ശരീരപ്രകൃതി, നിലത്തിഴയുന്ന വാല്, ചെരിയ കൊമ്പുകള്‍ ഇവയാണ് കാഴ്ചയിലെ പ്രത്ര്യേകതകള്. വര്‍ദ്ധിച്ച രോഗപ്രതിരോധ ശേഷി, വളരെകുറച്ച് ആഹാരം, ഔഷധഗുണമുള്ള പാല് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ശരാശരി പ്രതിദിന പാല് ഉല്പാദനം 3 ലിറ്റര്‍ മാത്രമാണ്. 6 ശതമാനത്തിലധികം കൊഴുപ്പും പാലിലെ ഉയര്‍ന്ന ഫോസ്പോലിപിഡ് അനുപാതം കുട്ടികള്‍ക്ക് പോഷകമൂല്യത്തിനും ബുദ്ധി വികാസത്തിനും അനുയോജ്യമാണ്.
ഉടുമ്പ്, അണ്ണാന്, മരപ്പട്ടി, വവ്വാല്, നീര്ക്കേലി,ആമ, ചേര, മരംകൊത്തി, ഉപ്പന്‍, പൊന്മാന്, വെള്ളാമ, കഴുന്ന,ഞണ്ട് തുടങ്ങിയ വൈവിധ്യങ്ങളായ ജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സമഗ്രമായ ജൈവവൈവിധ്യ രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.