ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം
കടല്‍ വെച്ച് ഊര് എന്നര്‍ത്ഥമുള്ള വെച്ചൂര്‍ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്നു. വെച്ചൂര്‍ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവില്‍ വന്നത്. ഈ ഗ്രാമപഞ്ചായത്ത് നെല്‍കൃഷിയ്ക്ക് വളരെ അധികം പ്രാമുഖ്യം നല്‍കുന്നു. വടക്കന്‍ കുട്ടനാടിന്‍റെ ഭാഗമായ വെച്ചൂര്‍ഗ്രാമം വേമ്പനാട്ട് കായലിന്‍റെ ഒരു തീര പ്രദേശമാണ്. പഞ്ചായത്തിന്‍റെ വടക്ക്ഭാഗം തലയാഴം പഞ്ചായത്തും, കിഴക്ക് കല്ലറ പഞ്ചായത്തും, തെക്ക് ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് വേമ്പനാട്ട് കായലിനാലും ചുറ്റപ്പെട്ട് കിടക്കുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍പ്പെടുന്ന ഈ പഞ്ചായത്തിന്‍റെ മദ്ധ്യഭാഗത്തുകൂടി കടന്നുപോകുന്ന കോട്ടയം വൈക്കം റോഡും, കിഴക്കുപടിഞ്ഞാറായി പോകുന്ന തണ്ണീര്‍മുക്കം റോഡും, വെച്ചൂര്‍ കല്ലറ റോഡുമാണ് പ്രധാന റോഡുകള്‍. ഇതിന് പുറമെ ചെറുതും വലുതുമായ റോഡുകളുടെ ശൃംഖലകള്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. 29.13 ച.കി.മി വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്ത് ഭരണ സൌകര്യാര്‍ത്ഥം 14 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു.
ചരിത്രപ്രസിദ്ധമായ വൈക്കം പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ തെക്കായി വേമ്പനാട്ടുകായലിന്‍റെ ഓരം പറ്റി കിടക്കുന്ന പ്രകൃതിരമണീയ മായ ഒരു പ്രദേശമാണ് വെച്ചുര്‍. ഭൂവിസ്തൃതിയുടെ ഭൂരിഭാഗവും കായലും പാടശേഖരങ്ങളും പങ്കുവയ്ക്കുന്നു. അധിവാസയോഗ്യമായ കരഭൂമി താരതമ്യേന കുറവാണ്. ഭൂരിഭാഗവും കരിമണൽ പ്രദേശമായ ഇവിടെ ചില സ്ഥലങ്ങളിൽ പശിമ രാശി മണ്ണും, പൂഴി മണ്ണും കാണപ്പെടുന്നുണ്ട്.