പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം

അപ്പർ കുട്ടനാടിൻറെ  ഭാഗമായ   വെച്ചൂർ ഗ്രാമപഞ്ചായത്ത് വയലുകൾ കൊണ്ട്  സമ്പന്നവും, വേമ്പനാട്ടു കായലിനോട് ചേർന്നു കിടക്കുന്ന ഒരു തീരപ്രദേശവുമാണ്. തണ്ണീർമുക്കം റെഗുലേറ്ററിൻറെ കിഴക്കു ഭാഗത്തായി കിടക്കുന്ന ഈ ഗ്രാമം നെൽകൃഷിയ്ക്കു വളരെ പ്രാധാന്യം നൽകുന്നു. ഭൂപ്രകൃതി അനുസരിച്ചു വെച്ചൂർ പഞ്ചായത്തിനെ തീരപ്രദേശം , സമതലം , കരിനിലങ്ങൾ ,ഉയർന്ന തട്ട് എന്നിങ്ങനെ നാലായി തരം തിരിച്ചിരിക്കുന്നു . ഇതിൽ കായലിനോട് ചേർന്നുള്ള പടിഞ്ഞാറൻ പ്രദേശങ്ങൾ തീരദേശത്തിലും, മദ്ധ്യഭാഗത്തായി വിരിപ്പ് പാടങ്ങൾ ഉൾപ്പെടുന്ന പുരയിടപ്രദേശങ്ങൾ  സമതലത്തിലും, കിഴക്കു വെള്ളം കയറി കിടക്കുന്ന നെൽവയലുകൾ കരിനിലകളിലും, കിഴക്ക് അറ്റത്തു സ്ഥിതിചെയ്യുന്ന കൊടുതുരുത്ത് കുന്ന് ഉയർന്നതട്ടിലും പെടുന്നു .എക്കൽ മണ്ണാണ് പഞ്ചായത്തിൽ പ്രധാനമായും എല്ലാ പ്രദേശങ്ങളിലും കണ്ടു വരുന്നത് .ഇതിൽ തീരപ്രദേശത്തു മണൽ ചേർന്ന മണ്ണും , സമതല പ്രദേശത്തു മണ്ണും ചെളിയും കലർന്ന മണ്ണും, കരിനിലങ്ങളിൽ ചെളി ചേർന്ന മണ്ണും കൊടുത്തുരുത് കുന്നിൽ ചെമ്മണ്ണുമാണ് കണ്ടുവരുന്നത് . നെൽകൃഷി കൂടാതെ പഞ്ചായത്തിൽ പല പ്രദേശങ്ങളിലും വയൽ നികത്തി തെങ്ങു കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു.അപൂർവം ചില പ്രദേശങ്ങളിൽ റബ്ബർ കൃഷിയും, പടിഞ്ഞാറു വേമ്പനാട്ട് കായലിനോട് ചേർന്ന് ചില പ്രദേശങ്ങളിൽ കണ്ടൽ കാടുകളും കാണപ്പെടുന്നു. പഞ്ചായത്തിൻറെ പടിഞ്ഞാറെ തീരം 5 കി.മീറ്ററോളം വേമ്പനാട്ടു കായലിനെ സാമീപ്യമുള്ളതിനാൽ ഈ ഭാഗം പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമാരകത്തിൻറെ സമാന ഭൂപ്രകൃതിയാൽ ജലഗതാഗതത്തിനും പ്രത്യേകിച്ച് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിൽ വികസിപ്പിച്ചെടുക്കുന്നതിന് വളരെയേറെ സാധ്യതയുള്ള പ്രദേശമാണ് .

     ഈ  കാർഷിക ഗ്രാമത്തിൻറെ കാലാവസ്ഥയും വിളക്രമവും കുട്ടനാടിനു  തുല്യമാണ് .പഞ്ചായത്തിൻറെ വടക്കു ഭാഗം തലയാഴം ഗ്രാമപഞ്ചായത്തിനോടും കിഴക്ക് കല്ലറ, അയ്മനം ഗ്രാമപഞ്ചായത്തുകളോടും തെക്ക് ആർപ്പൂക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളോടും പടിഞ്ഞാറു ഭാഗം വേമ്പനാട്ടു കായലിനോടും അതിരു പങ്കിടുന്നു. വേമ്പനാട്ടു കായലിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന സമതല പ്രദേശം സമുദ്രനിരപ്പിൽ നിന്നും 17 അടി താഴെ മാത്രം ഉന്നതിയുള്ള പ്രദേശമാണ് .അക്കാരണത്താൽ തന്നെ വെള്ളം വറ്റിച്ചുമാത്രം കൃഷി ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ള വിസ്തൃതിയും വിശാലവുമായ നെൽ വയലുകളാണ് ഉള്ളത് .

   പിറ്റ് മണ്ണിന്റേതാണ് മൺ തരമെങ്കിലും പഞ്ചായത്തിന്റെ നാല് ഭൂവിഭാഗങ്ങളിലും നേരിയ തോതിലുള്ള വ്യത്യാസങ്ങൾ കാണുവാൻ കഴിയും.കരിനിലങ്ങൾ എന്നറിയപ്പെടുന്ന പുഞ്ചപ്പാടങ്ങളിൽ മൂന്നിൽ ഒന്ന് ഭാഗത്തും ദ്രവിച്ചു തീരാത്ത മരങ്ങളുടെ അവശിഷ്ടങ്ങൾ കലർന്ന മണ്ണും കാണുന്നു. പാടശേഖരങ്ങളിൽ കട്ടകുത്തു നടക്കുമ്പോൾ കാരിത്താടി എന്നു വിളിക്കപ്പെടുന്ന വൃക്ഷാവശിഷ്ടങ്ങൾ പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. വസ്തുതകൾ എല്ലാം പരിഗണിക്കുമ്പോൾ ഗ്രാമത്തിന്റെ കിഴക്കുഭാഗം ആദ്യകാലത്തു നിമ്നോന്നതമായ ഒരു പീഠഭൂമിയായിരുന്നു എന്നു കരുതാവുന്നതാണ് .

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മിസ്റ്റർ .ഡബ്ള്യു കിംഗ് 1881 വർഷങ്ങളിൽ തിരുവിതാംകൂറിൽ ഒരു ഭൂഗർഭ സർവ്വേ നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കർണാടിക് സമതലത്തിന്റെ കീഴറ്റമാണ് കന്യാകുമാരിയെ പ്രദിക്ഷണം വച്ചു വടക്കോട്ട് തിരുവതാംകൂറിന്റെയും കൊച്ചിയുടെയും മലബാറിന്റെയും വിസ്തൃതി കുറഞ്ഞതാണെകിലും നിമ്നോന്നിതമായ പ്രദേശങ്ങളിൽ പടർന്നു കയറിയിരിക്കുന്ന കേരളത്തിന്റെ ഇടനാട്ടിൽ അങ്ങിങ്ങായി കാണപ്പെടുന്ന തൊപ്പിക്കുന്നുകളെ കുറിച്ച് മിസ്റ്റർ കിംഗ് വളരെ വിശദമായ പഠനം നടത്തിയിരുന്നു. ഇവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനം തൊപ്പിക്കുന്നുക തട്ടുകൾ അഥവാ പീഠഭൂമികളായി ഒറ്റതിരിഞ്ഞു കിടക്കുകയും പിൽക്കാലത്തു പ്രളയം വന്നു മൂടുകയും മലയിടിഞ്ഞു ഭൂപ്രകൃതി മാറിമറിയുകയും ചെയ്തതിനെ തുടർന്ന് കിടന്നിരുന്നവയെന്നും അങ്ങനെ കണക്കാക്കുമ്പോൾ ഗ്രാമത്തിന്റെ കിഴക്കുഭാഗം പീഠഭൂമിയായിരുന്നുവെന്നുംതരഭാഗങ്ങൾ പ്രകൃതി പ്രതിഭാസങ്ങൾ കൊണ്ട് പിന്നീടുണ്ടായവയാണെന്നും ഊഹിക്കുന്നതിൽ അസാംഗത്യം ഇല്ലെന്ന് കരുതാവുന്നതാണ്.ഇത് സംബന്ധിച്ചു ആധികാരികമായി അഭിപ്രായ രൂപീകരണത്തിന് പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശമായ കൊടുത്തുരുത് കേന്ദ്രമാക്കികൊണ്ട് അതുമായി ബന്ധപ്പെട്ടുകിടക്കുന്ന പാടശേഖരങ്ങളുടെ ഒരു ഭൂഗർഭ പഠനം വളരെ സഹായകരമായിരിക്കും.

 

    

 

അഞ്ചൊടി പാടശേഖരം